Friday 4 November 2016

ഒസ്യത്തു


ഭൂമി തറവാട്ടിലെ പെണ്ണ് എഴുതുന്ന ഒസ്യത്തു എന്തെന്നാൽ.....

ഞാൻ കൗമാരത്തിന്റെ ബാലിശതകളെ വിട്ട് യൗവനം ആഘോഷിക്കുന്ന ഒരു യുവതിയാണ്. മൊട്ടിനെക്കാൾ സൗരഭ്യം പൂവിനായതുകൊണ്ടും ഈ പ്രായം എല്ലാ പെൺകുട്ടികൾക്കും ഒരു ശാപമായതുകൊണ്ടും കഴിയുന്നത്ര വേഗം ഒരു ഒസ്യത് എഴുതി വച്ചേക്കാമെന്നു കരുതി.
 ഒരുപക്ഷെ നാളെ ഞാനും തെരുവോരങ്ങളിൽ ഒറ്റപ്പെട്ടേക്കാം, ഒഴിഞ്ഞ വീടുകളിൽ എത്തിപ്പെട്ടേക്കാം, കൂട്ടുകാരനൊപ്പം ബസ്സിൽ കാണപ്പെട്ടേക്കാം, ട്രെയിനിന്റെ ചൂളം വിളിയിൽ മുങ്ങിപ്പോയേക്കാം, പക്ഷെ ഒന്നിനും ഉത്തരവാദികളെ തിരയരുത്. എല്ലാത്തിനും കാരണം ഞാനാണ്. ഞാൻ മാത്രം.
 കാരണം പ്രകോപന പരമായ വസ്ത്രങ്ങൾ ഞാൻ ധരിക്കാറുണ്ട്. രാത്രി വൈകിയും ഞാൻ സമൂഹത്തിൽ ഇടം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. കൂടെ ആരും ഇല്ലെങ്കിലും ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. എന്നെ തോണ്ടിയ ഒരു സഹോദരനെ ഞാൻ തല്ലിയിട്ടുണ്ട്. എന്റെ മാറിലേക്ക് നോക്കി നിന്ന ഒരു അനുജനെ ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്. കൂടെ പോരുന്നോ എന്ന് ചോദിച്ച ഒരു അപ്പൂപ്പനെ ഞാൻ നോക്കി പേടിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും ഇന്ന് ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാരുടെയും ഉദ്ദേശ ശുദ്ധിയെ ഞാൻ മാനിക്കുന്നു. 
എന്നെ സുരക്ഷിതയാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ എല്ലാം ഞാൻ അപ്പാടെ തടഞ്ഞുപോയി. എന്നോട് ക്ഷെമിക്കു സഹോരങ്ങളെ. നിങ്ങള്ക്ക് വേണ്ടിയാണു എന്റെയീ ഒസ്യത്തു.
ഞാൻ മരിച്ചാൽ ആദ്യം എന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു കളയുക. എന്റെ ശരീരം നിങ്ങൾ എല്ലാവരും കണ്ടു തീരും വരെ പൊതുദർശനത്തിനു വക്കുക. അതിലെ ഒന്ന് പോലും അവശേഷിപ്പിക്കാതെ എല്ലാം നിങ്ങൾ എടുത്തുകൊള്ളുക. എന്നെ ഒറ്റ ശരീരമായി ബാക്കി വെക്കരുത്. ജീവനുള്ളപ്പോൾ നിങ്ങൾ എനിക്ക് തന്ന എല്ലാ സംരക്ഷണവും എന്റെ ശവശരീരത്തിനും കൊടുക്കുക. ഭാവിയിൽ എങ്ങനെ സഹോദരിമാരെ സംരക്ഷിക്കാം എന്ന് നിങ്ങളുടെ അനന്തര തലമുറക്കും കാണിച്ചുകൊടുക്കുക. 

നമുക്ക് വേണ്ടത് പെന്ഡുലങ്ങളാണ്. അവ നൽകുന്ന സുരക്ഷിതത്വമാണ്. പ്രതികരിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും തല മുണ്ഡനം ചെയ്തു ചുട്ടി കുത്തണം. സഹോദരങ്ങളെ, നിങ്ങൾ അത് ചെയ്യുമല്ലോ. ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ കൂടി നിങ്ങളുടെ പെൺ മക്കൾക്ക് പറഞ്ഞു കൊടുക്കുക. 

ഒരു കാര്യം മാത്രം എനിക്ക് നൽകിയാൽ മതി - എന്റെ പേര്. 

 ഒസ്യത്തു അവസാനിക്കുന്നു. 




പേര് 
(ഒപ്പു )


പെൻഡുലം




അസഹനീയമായ വേദന. കണ്ണ് തുറന്നു. ആദ്യം കണ്ണിൽ പെട്ടത് ചുവരിൽ തൂങ്ങി കിടക്കുന്ന ഒരു പെൻഡുലം ക്ളോക്ക് ആണ്. അതിന്റെ പെൻഡുലം ആടിക്കൊണ്ടേയിരുന്നു, എന്റെ ആയുസ്സിനെ അരിയുന്ന ഒരു വാല് പോലെ.

കണ്ണടച്ചു. കത്തിപ്പടരുന്ന വേദന. വാ തുറക്കാനാവുമായിരുന്നെങ്കിൽ ഒന്നുറക്കെ കരയാമായിരുന്നു. വീണ്ടും കണ്ണ് തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. അതിനു പിന്നിൽ രണ്ടു ബലിഷ്ഠമായ കാലുകൾ. ക്ളോക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ടോ...?

കണ്ണുകളടച്ചു. അസഹനീയമായ വേദന. ശരീരത്തിൽ നിന്നാണോ ഈ മണം? ചോരയുടെ മണം ..... ഇത്ര നാൾ കൂടെ ഉണ്ടായിരുന്ന കൈകളും കാലുകളും ഇന്നെവിടെയാണെന്നറിയില്ല. പേടിച്ചൊളിച്ചിരിക്കുകയാവും. കണ്ണുകൾ തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. പുറകിൽ ശോഷിച്ച കാലുകൾ. ക്ളോക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്.

കണ്ണുകൾ കൂട്ടിയടച്ചു. വയ്യ. ആവുമായിരുന്നെങ്കിൽ കാലുകൾ ഒന്ന് വിറപ്പിക്കാമായിരുന്നു, കൈ വിരലുകൾ ഒന്നനക്കാമായിരുന്നു. എനിക്ക് വേദനിക്കുന്നു എന്ന് ആരോടെങ്കിലും ഒന്ന് പറയാമായിരുന്നു. ശ്വാസം പോലും എനിക്ക് വേണ്ടി മറ്റാരോ വലിക്കുന്നതുപോലെ.

വീണ്ടും കണ്ണുകൾ തുറന്നു. പെൻഡുലം ആടിക്കൊണ്ടേയിരിക്കുന്നു. പുറകിൽ കാലുകളില്ല. ക്ളോക്ക് എന്നെ നോക്കി ചിരിക്കുകയാണ്.

കണ്ണടച്ചു. കൈകളും കാലുകളുമില്ലാതെ, അസഹനീയമായ വേദനയോടെ ഇനിയും എത്രയോ "ഞാൻ" ഇവിടെ വന്നു കിടക്കും.... അപ്പോഴും പെന്ഡുലങ്ങൾ ആടിക്കൊണ്ടിരിക്കും. കണ്ണുതുറന്നു. വലത്തേ കൈ കൂടെ തന്നെ ഉണ്ട്. തല ചരിച്ചു. ഇടത്തെ കൈ ശരീരത്തോട് ചേർത്ത് വച്ചു. പതുക്കെ എഴുന്നേറ്റിരുന്നു. കാലുകളെയും ചേർത്തുറപ്പിച്ചു. മേലാസകലം ആഴ്നിറങ്ങിയിരുന്ന സൂചികൾ വലിച്ചു കളഞ്ഞെഴുന്നേറ്റു. പെൻഡുലം അപ്പോഴും ആടിക്കൊണ്ടിരുന്നു. ബ്ലഡ് ബോട്ടിൽ തൂക്കിയിട്ട സ്റ്റാൻഡ് എടുത്തു പെന്ഡുലത്തിനു നേരെ വീശി. അറ്റുപോയ പല്ലിവാലുപോലെ അത് നിലത്തു കിടന്നു പിടഞ്ഞു. ക്ളോക്കിൽ നിന്നും ചോരത്തുള്ളികൾ നിലത്തേക്ക് പതിച്ചു. ക്ളോക്ക് നിശ്ചലനായി എന്നെ നോക്കി. ഞാൻ ചിരിച്ചു, പൊട്ടിച്ചിരിച്ചു, അട്ടഹസിച്ചു. എന്റെ ചിരിയിൽ ആകാശഗോളങ്ങൾ പോലും പങ്കുചേർന്നു.

മുറി തുറന്നു പുറത്തിറങ്ങി നടന്നു, അടുത്ത പെൻഡുലം ക്ളോക്കിനെ ലക്ഷ്യമാക്കി....




മുടിച്ചുരുളുകൾക്കുള്ളിൽ നിന്ന് നീ വലിച്ചെടുത്തത് എന്റെ കാമത്തെയാണ്..... വലത്തേ മുലക്കടിയിൽ ഒളിച്ചിരുന്ന എന്റെ സൗന്ദര്യത്തെയും നീ കണ്ടെത്തി.... നാഭിയിലെ ചുരുളുകൾ നിവർത്തി... എന്റെ കാടുകളെ നീ ദഹിപ്പിച്ചു.... നീ തന്ന ബീജം കൊണ്ട് ഞാൻ വരച്ച വൃക്ഷം ഇന്ന് പടർന്നു പന്തലിച്ച മുന്തിരിത്തോപ്പും മൂടി കാലപ്രവാഹവും കടന്നു നില്കുന്നു....ഇന്ന് ഈ നരച്ച സന്ധ്യയിൽ നിന്റെ വിയർപ്പിന്റെ സുഗന്ധത്തോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ  ഒരാഗ്രഹം ബാക്കി... ഇനിയുമൊരു പെണ്ണയുസ്സു കൂടി ഞാൻ കാത്തിരിക്കാം, നിന്റെ അടിവയറ്റിലെ മറുകയി ജനിക്കാൻ....

Thursday 5 May 2016

I Want To Fly

You are a bud, not safe to go out.
Blossom, we will find one apt.
Flies and bees will always be there.
We'll keep you safe, just stay in this cage.

Keep me safe and safe and safe.
What is safety, To be in a cage?
This is my life, my life alone.
I want to bloom, blossom and fly.